National
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മിന്നൽ പ്രതിഷേധവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി എന്ന 19 വയസുകാരിയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായാണ് ഇന്ത്യ ഗേറ്റിന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിയത്.
മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ 2022 സെപ്റ്റംബർ 18നാണ് അങ്കിത കൊല്ലപ്പെട്ടത്. ആ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എന്ന് അങ്കിതയുടെ മാതാപിതാക്കൾ ആരോപിച്ച ദുഷ്യന്ത് ഗൗതമിനെ ഇപ്പോൾ സിക്കിം ഗവർണറായി നിയമിച്ചതിന് എതിരെയാണ് ഇപ്പോൾ അവർ ഇന്ത്യാ ഗേറ്റിന് മുന്നിൽ സമരവുമായി എത്തിയിരിക്കുന്നത്.
കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തുന്നത് പൊലിസ് തടഞ്ഞതോടെ പൊലിസുദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി.
National
ന്യൂഡൽഹി: ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഐക്യത്തിന്റെ സന്ദേശം ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചായസൽക്കാരത്തിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.
ജനാധിപത്യം പുനഃസ്ഥാപിക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഒന്നിച്ചുനിൽക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും തെരഞ്ഞെടുപ്പ് സംവിധാനവും തകർക്കപ്പെട്ടുവെന്നും ഭരണഘടന സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിപക്ഷത്തിനിടയിൽ സമാന്തര പോരാട്ടങ്ങളില്ലെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള ഒരേയൊരു പോരാട്ടമാണ് നടക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇന്ത്യാ സഖ്യം സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് ജനങ്ങളിൽനിന്ന് വലിയ പിന്തുണ ലഭിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. യുവാക്കളും സാധാരണ പൗരന്മാരും സ്വന്തം മുൻകൈയിൽ പങ്കാളികളായി മുന്നോട്ടുവരുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി തേജസ്വി യാദവും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് കമ്മീഷനും പ്രത്യേകിച്ച് ഗ്യാനേഷ് കുമാറും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോയെന്നാണ് തേജസ്വിയുടെ ആരോപണം. ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രപരമായി പ്രതിഷേധങ്ങൾ നടന്നിരുന്ന ജന്തർ മന്തറിൽനിന്ന് സമരവേദി ഡൽഹിയുടെ അതിർത്തികളിലേക്ക് മാറ്റിയ നടപടിയും തേജസ്വി വിമർശിച്ചു. പ്രതിഷേധങ്ങളെ നിയന്ത്രിക്കാനുള്ള ഭരണാധികാരികളുടെ ഭയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് തേജസ്വി ആരോപിച്ചു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുമെന്നും ആവശ്യമായ ത്യാഗങ്ങൾ സഹിച്ചും ലക്ഷ്യം കൈവരിക്കുമെന്നും ഇന്ത്യാ സഖ്യ നേതാക്കൾ പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ചൗക്കിദാർ ചോർ ഹേ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിലെ തുടർനടപടികൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
ജസ്റ്റീസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനും പരാതിക്കാരനായ എം.എച്ച്. ശ്രീശ്രീമാലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ക്രിമിനൽ അപകീർത്തിക്കേസിലെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ ഹാജരായി. 2018 സെപ്റ്റംബർ 20ന് രാജസ്ഥാനിൽ നടത്തിയ പൊതുയോഗത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിലെ ആരോപണം.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ച് കോടതി പരിസരത്തുനിന്ന് 200 മീറ്റർ അകലെ പൊലിസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഇതിനിടെ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് ഹർജി. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജി അഭിഭാഷകരാണ് കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിനിടെ വൈകുന്നേരം 4.45ഓടെയായിരുന്നു ഹർജി നൽകിയത്.
ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് വ്യത്യസ്തമായ സമീപനമാണ് പൊലീസ് സ്വീകരിച്ചത്. വലിയ ജനക്കൂട്ടം പ്രതിഷേധത്തിനായി എത്തിയെങ്കിലും ഒരാളെപ്പോലും കസ്റ്റഡിയിലെടുത്തില്ലെന്നാണ് റിപ്പോർട്ട്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരി ആരോപണത്തിൽ പ്രതിഷേധിച്ചും ഇന്ത്യാസഖ്യം നടത്തിയ ഡൽഹി ചലോ മാർച്ചിനിടെ രാഹുൽ ഗാന്ധിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള ഹർജി അഭിഭാഷകരാണ് കോടതിയിൽ നൽകിയത്.
വൈകുന്നേരം 4.45ഓടെയാണ് ഹർജി സമർപ്പിച്ചത്. എസ്ഐആർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പാക്കിയെന്ന ആരോപണവും ഹർജിയിലുണ്ട്. അതേസമയം ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നടത്തിയ ഡൽഹി ചലോ മാർച്ച് തലസ്ഥാനത്ത് പ്രതിഷേധത്തിന് വഴിവച്ചു.
ഉച്ചയ്ക്ക് രണ്ടോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽനിന്ന് ബസിൽ യാത്ര തിരിച്ച പ്രതിപക്ഷ നേതാക്കൾ ബാരഖംബ ജംഗ്ഷന് സമീപം ഇറങ്ങി മാർച്ച് തുടർന്നു. തുടക്കത്തിൽ കാൽനടയായി നീങ്ങിയ നേതാക്കൾ പിന്നീട് മണ്ടി ഹൗസിന് സമീപത്തുനിന്ന് തുറന്ന വാഹനത്തിലേക്ക് മാറി സുപ്രീംകോടതിയിലേക്ക് യാത്ര തുടർന്നു. കോടതിക്ക് ഏകദേശം 200 മീറ്റർ അകലെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലിസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചുമാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷായാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹി പൊലിസിനെയും കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എസ്ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയമാണ്. കേരളത്തിൽ ഇത്രയും കാലം ഭരിച്ചിട്ടും വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
എസ്ഐആർ നടപടികളിൽ കേരളത്തിൽ ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടെന്നും അങ്ങനെയെങ്കിൽ എസ്ഐആർ നടപടികൾ അവർക്കെതിരെയും ഉണ്ടാകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവർ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരള സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെയും വാഹനവ്യൂഹങ്ങൾക്കുനേരെ നടന്ന പ്രതിഷേധങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തെ സ്വീകരിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം.
കൊല്ലം സന്ദർശനത്തിനിടെ അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധവും കേരള സന്ദർശനത്തിനിടെ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമീപത്തേക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കളുമായി ബന്ധപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കുവച്ചു.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരത്തെ പരമശിവന്റെ താണ്ഡവത്തോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൃത്യമായ ആസൂത്രണമില്ലാതെയാണ് പ്രതിഷേധം മുന്നോട്ടുപോകുന്നത്. ഭരണഘടന സംരക്ഷിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബിജെപി പ്രവർത്തകർ ഉൾപ്പെടെ ആർക്കും സമരത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിലേക്കുള്ള പ്രതിപക്ഷത്തിന്റെ ഡൽഹി ചലോ മാർച്ചിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത് താണ്ഡവമാണ്, ശിവന്റെ നൃത്തം. ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല. ഇന്ന് ഞങ്ങൾ സുപ്രീംകോടതിയിലേക്ക് പോകുന്നു. നാളെ മറ്റെന്തെങ്കിലും സംഭവിക്കാം. എന്നാൽ ഇതിന്റെയെല്ലാം ആശയം ഒന്നാണ്. ഇതിന് ആസൂത്രണത്തിന്റെ ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആകാശവാണി ഭവനിലേക്ക് പോയപ്പോഴും കൃത്യമായ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബസിൽ പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ പൊലിസ് ബസ് തടയുകയും യാത്ര അനുവദിക്കാതെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് രാഹുൽ ആരോപിച്ചു. പ്രതിഷേധങ്ങൾക്ക് പിന്നിൽ എല്ലായ്പ്പോഴും കൃത്യമായ ആസൂത്രണം വേണമെന്നില്ല.
തെറ്റാണെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങൾക്കെതിരായ ശക്തമായ വികാരമാണ് പലപ്പോഴും പ്രതിഷേധങ്ങൾക്ക് പ്രേരണയാകുന്നത്. ഇന്ത്യ ചെറുത്തുനിൽക്കുന്നത് ഹൃദയംകൊണ്ടാണെന്നും ആസൂത്രണംകൊണ്ടല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിജെപിയുടേത് ഉൾപ്പെടെയുള്ള മറ്റ് പ്രതിഷേധങ്ങളും ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധവും പരസ്പരം മത്സരിക്കുന്നവയോ സമാന്തരമായി പോകുന്നവയോ അല്ലെന്നും രാഹുൽ വ്യക്തമാക്കി.
National
ബംഗളൂരു: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിൽ ആശങ്കയറിയിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലിനും അഞ്ചിനും ഇടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രതിനിധിസംഘം ചീഫ് ജസ്റ്റീസിനോട് പ്രത്യേക നടപടികളൊന്നും ആവശ്യപ്പെടില്ല. പകരം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ഖാർഗെ വിശദീകരിച്ചു.
നമുക്ക് അദ്ദേഹത്തോട് ഒന്നും ആവശ്യപ്പെടാനാകില്ല. കൈകൂപ്പി അഭ്യർഥിക്കുകയാണ് ചെയ്യുക എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ സ്ഥാപനമാണെന്നും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അതിന് അധികാരമുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. എന്നാൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ കമ്മീഷനെ അനുവദിക്കുന്നില്ലെന്നാണ് ഖാർഗെയുടെ ആരോപണം.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ കൂടിക്കാഴ്ച നടത്തി. വിദ്യാർഥികളുമായി സംവദിക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിക്കായി ചെന്നൈയിലെത്തിയ രാഹുൽ ഗാന്ധിയെ നീലാങ്കരയിലെ വീട്ടിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം നൽകിയാണ് മുഖ്യമന്ത്രി വിജയ് സ്വീകരിച്ചത്. തമിഴ്നാട്ടിൽ ടിവികെ നേതൃത്വത്തിൽ രൂപീകരിച്ച മതേതര സാമൂഹികനീതി വിജയസഖ്യം ഇന്ത്യ മുന്നണിയിലെത്തിയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ദേശീയതലത്തിലെ വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പിലെ ടിവികെയുടെ വിജയത്തിൽ രാഹുൽ അഭിനന്ദനം അറിയിച്ചു. തുടർന്ന് ഇരുവരും ഒരു കാറിൽ ക്രിക്കറ്റ്താരം എം.എസ്. ധോണിയുടെ ഉടമസ്ഥതയിലുള്ള പാലവാക്കത്തെ 7 പെഡൽ കഫേയിലെത്തി കാപ്പി കുടിച്ച ശേഷം രാഹുൽ മറ്റൊരു കാറിൽ ഹോട്ടലിലേക്ക് മടങ്ങി.
National
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം മുറുകുമ്പോളാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സിജെപിയുടെ പേരെടുത്ത് പറയാതെ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. യുവാക്കളോട് സമരം തുടരാനും രാഹുൽ ആവശ്യപ്പെട്ടു.
എല്ലാ പൊലീസുകാരെയും വിളിച്ച് എല്ലാ നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്യൂ. എന്നാലും ഞങ്ങൾ പിന്നോട്ട് പോകില്ലെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. ഭരണഘടനയെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്നും രാഹുൽ പറഞ്ഞു. മോദിയും അമിത്ഷായും ഭീരുക്കളാണെന്നും പതിനായിരക്കണക്കിന് പൊലിസിനെ ഇറക്കിയാലും പിന്തിരിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ ദശാബ്ദത്തിലേറെയായി ഞാൻ പോരാട്ടം നടത്തുന്നു. കൈവെള്ളയെന്ന പോലെ അവരുടെ ഉള്ളും പുറവും എനിക്കറിയാം. ഭീരുത്വമാണ് ഇവരുടെ സ്വഭാവം. നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് വില്ലന്മാർ. അവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആ ഇടങ്ങൾ നമ്മൾ അടച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലിസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലിസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ഡൽഹിയിലെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. അതിനിടെ, രാഷ്ട്രപതിയെ കാണാനുള്ള 10 പേരെ നിശ്ചയിക്കാൻ രാവിലെ 11ന് നേതാക്കൾ ആശയവിനിമയം നടത്തും.
അതേസമയം, ഇന്നും പ്രതിഷേധം കടുക്കും എന്നറിഞ്ഞതോടെ 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ഡൽഹിയിലേയ്ക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 സിഎപിഎഫ് കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതോടെ ആകെ 26000 കേന്ദ്രസേനാ അംഗങ്ങളാണ് നഗരത്തിൽ സുരക്ഷയ്ക്കെത്തുക. പ്രതിഷേധത്തിൽ വനിത പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിഎപിഎഫ് കമ്പനികളും ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുലിനെ തട്ടിപ്പുകാരനെന്ന് വിളിക്കാൻ തനിക്ക് യാതൊരു മടിയുമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂർണമായും വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്നും ഫേയ്സ്ബുക്ക് കുറിപ്പിലൂടെ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വി.ഡി.സതീശൻ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം തകർക്കുന്ന പ്രചാരണമാണ് രാഹുൽ നടത്തുന്നതെന്ന് ബിജെപി അധ്യക്ഷൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള അധിക്ഷേപങ്ങളും വ്യാജപ്രചാരണങ്ങളുമാണ് അദ്ദേഹത്തിന്റെ രീതി.
തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന വായിച്ചാൽ രാഹുൽ ഗാന്ധി ഒരു ഫ്രോഡ് ആണെന്ന് വിവേകമുള്ള ആർക്കും വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ ബഹുമാനം ചോദിച്ചു വാങ്ങുന്നതല്ല, മറിച്ച് രാജ്യത്തിനായി സേവനം ചെയ്ത് നേടിയെടുക്കേണ്ടതാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ രാജവംശ പരിവേഷമുള്ള കരിയറിൽ അത്തരത്തിലുള്ള ഒരു സേവനവുമില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്ത്യ സഖ്യം അക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ബേബി വ്യക്തമാക്കി.
ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണ. പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. പ്രതിപക്ഷ നേതാവായതുകൊണ്ട് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നുവെങ്കിൽ മല്ലികാർജുൻ ഖാർഗെയ്ക്കും ഇതേ സ്ഥാനമുണ്ടെന്ന് എം.എ. ബേബി പറഞ്ഞു.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ച പ്രധാനമായും തമിഴ്നാട്ടിലാണ് ഉയർന്നു വന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യെ 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ടിവികെ നേതാക്കളുടെ പരാമർശത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്.
രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മറുപടി നൽകി. ടിവികെ ഇതിന് തയാറായില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും സ്ഥാനം രാജിവച്ച് പുറത്തുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: ഹൽദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിനെ പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ എത്ര കേസുകൾ വേണമെങ്കിലും എടുത്തുകൊള്ളൂവെന്നും അവയെ നെഞ്ചിലെ മെഡലുകളായി കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലായിരുന്നു പ്രതികരണം. മല്ലികാർജുന് ഖാർഗെ പങ്കെടുത്ത രാംലീല മൈതാനത്തെ പരിപാടിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചതിനെതിരെ രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തെ തൊട്ടുകൂടായ്മയുടെ തെളിവായും ദളിത് വിരുദ്ധ നടപടിയായും അദ്ദേഹം വിമർശിച്ചിരുന്നു.
രാഹുലിന്റെ പരാമർശത്തിനെതിരെ വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചടങ്ങിന് പ്രത്യേക ജാതിയുമായോ വ്യക്തിയുമായോ ബന്ധമുണ്ടെന്നതിന് സ്ഥിരീകരണമില്ലാതെയാണ് രാഹുൽ ആരോപണം ഉന്നയിച്ചതെന്നാണ് പരാതിയിലെ ആരോപണം.
അതേസമയം ഖാര്ഗക്ക് എതിരായ ജാതിഅധിക്ഷേപത്തില് നടപടി സ്വീകരിക്കാത്തതില് പ്രതിഷേധം ശക്തമാക്കാനാണ് കോണ്ഗ്രസ് തീരുമാനം. ബിജെപിയുടെ ഭീരുത്വം പുറത്തുവന്നുവെന്നാണ് കോണ്ഗ്രസ് പ്രതികരണം.
Kerala
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് സർക്കാർ കേസെടുത്തതിനെ വിമർശിച്ച് വി.ഡി.സതീശൻ. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പങ്കെടുത്ത ഹൽദ്വാനിയിലെ രാംലീല മൈതാനം ശുദ്ധിയാക്കിയത് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വെല്ലുവിളിയാണ്. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ സംഘപരിവാർ നടത്തിയ നടപടി അയിത്തത്തിന്റെ ആധുനിക രൂപമാണെന്നും സതീശൻ പറഞ്ഞു.
സമത്വത്തിനും മനുഷ്യന്റെ അന്തസിനും വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം പട്ടികജാതി, പട്ടികവർഗ പീഡനനിരോധന നിയമങ്ങൾ ദുരുപയോഗം ചെയ്ത് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത് സംഘപരിവാർ ഭരണകൂടത്തിന്റെ ഭീരുത്വമാണ് വ്യക്തമാക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
National
ഡെറാഡൂൺ: ഹല്ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിക്കെതിരെ കേസെടുത്തു. ഉത്തരാഖണ്ഡ് പോലീസാണ് കേസെടുത്തത്.
മതപരമായ ചടങ്ങിന് രാഹുല് ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്കിയെന്ന് ആരോപിച്ചാണ് കേസ്. വാല്മീകി സമുദായത്തില്പ്പെട്ട അമിത് കുമാര് നല്കിയ പരാതിയില് ആണ് കേസ്.
ബിഎൻഎസിലെ 196, 299 എസ്സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള് പ്രകാരമാണ് കേസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്ജുന് ഖാര്ഗെയുടെ വേദിയില് ശുദ്ധീകരണം നടത്തിയവര്ക്ക് എതിരെ കേസ് എടുക്കാന് പ്രധാനമന്ത്രിയോട് രാഹുല് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസ്.
ശുദ്ധീകരണ വിവാദത്തെ ചൊല്ലി എന്ഡിഎയില് ഭിന്നതയുണ്ട്. വിഷയം ആശങ്ക ഉണര്ത്തുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള് മാറാതിരിക്കുന്നത് സര്ക്കാരിനും ആശങ്ക ഉണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടി മോശം വാക്ക് ഉപയോഗിച്ചാൽ സംസ്കാര ശൂന്യത എന്നാണ് പറയുന്നത്. പെൺകുട്ടികളുടെ മനസിലുള്ള ഭയം മാറ്റണം. പുരുഷമേധാവിത്വം തകർക്കണം. ഇതാണ് തന്റെ സന്ദേശമെന്നും പൂനെയിൽ ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.
ഇതിനിടെ പൂനെയിലെ കോളേജിൽ എബിവിപി എൻ എസ് യു ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ച പൂനെ പോലീസ് പിന്നീട് 30 നിബന്ധകളോടെ അനുമതി നൽകിയിരുന്നു. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ പണംകൊടുത്ത് പരിപാടിക്കെത്തിക്കുന്നു എന്നാരോപിച്ച ബിജെപി, കോണ്ഗ്രസ് പ്രവർത്തകന്റെ ശബ്ദ സന്ദേശവും പുറത്തുവിട്ടു.
National
ന്യൂഡൽഹി: പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്തു. എഫ്ഐആർ ഇടാൻ തയാറാകാതിരുന്ന പോലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസ് ആസ്ഥാനത്ത് നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് നടപടി.
ജൂലായ് 20-നുനടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സാഹിൽ ലോച്ചാബിന് പെല്ലറ്റേറ്റ് ഗുരുതര പരിക്കുണ്ടായതിനു പിന്നാലെ ഡൽഹി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ എഫ്ഐആർ ഇടുകയോ പരാതി ലഭിച്ചതായി രേഖനൽകുകയോ ചെയ്തില്ല. തുടർന്നാണ് രാഹുൽഗാന്ധി വിഷയം ഏറ്റെടുത്തത്.
പരാതി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ്മയുടെ ഓഫീസിലെത്തിയ രാഹുൽ അദ്ദേഹവുമായി സംസാരിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടു. ഇതോടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഡൽഹി പോലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു.
തുടർന്ന് വൈകിട്ടോടെ പേലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുകയും സാഹിൽ ലോച്ചാബിന്റെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നീതിയിലേക്കുള്ള ആദ്യ കാൽവയ്പ്പാണിതെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സമ്മതം ലഭിച്ചശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
Kerala
ഡൽഹി: ജാർഖണ്ഡിലെ വിദ്യാർഥി സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് ചുവടുപിടിച്ചാണ് ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം തുടങ്ങിയത്. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ആവശ്യപ്പെട്ടായിരുന്നു മൂന്നാഴ്ചയിലധികം നീണ്ട പ്രതിഷേധമാണ് അവസാനിച്ചത്. കഴിഞ്ഞ മാസം 25 നാണ് റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും, മുൻ പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
ചർച്ചകൾ ആവർത്തിച്ചു നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. വിദ്യാർത്ഥി നേതാവായ ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
പിന്നാലെ സമരം കടുപ്പിച്ച വിദ്യാർഥികൾ നിയമസഭാ മാർച്ച് നടത്തി. ഹേമന്ത് സോറന്റെയും, രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിച്ചു. സഖ്യകക്ഷികളിൽ നിന്നുവരെ എതിർപ്പ് ഉയർന്നതിന് പിന്നാലെ.സമരത്തിന്റെ 24 ആം നാൾ സിജിഎൽ അടക്കം ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കി.
അതിനിടെ, പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി പരീക്ഷ പാസായവരും രംഗത്തെത്തി. ഇന്ത്യാ സഖ്യം ഭരിക്കുന്ന ജാർഖണ്ഡിലെ സമരം ബിജെപി രാഷ്ട്രീയ ആയുധമാക്കവേയാണ് സർക്കാരിന്റെ നിർണായക തീരുമാനം.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസിന്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദമായത്.
മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടർന്നു. സോണിയയും ഖർഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വന്ദേമാതരം ആലാപനം കഴിഞ്ഞതിനുശേഷം ഖർഗെ ദേശീയ പതാക ഉയർത്തി.
വന്ദേമാതരം ബിൽ പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. രാജ്യത്ത് കൂടുതൽ വിഭജനത്തിന് വന്ദേമാതരം ബിൽ കാരണമാകുമെന്നായിരുന്നു കോൺഗ്രസ് അവകാശപ്പെട്ടത്. കോൺഗ്രസ് ഭരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലാപനത്തിൽ നിശിതമായ നിലപാട് സ്വീകരിച്ചതിനിടെയാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിക്കുന്നത്.
National
ന്യൂഡൽഹി: ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത പോര് തുടരുന്നതിനിടയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തിയപ്പോൾ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്ന് വന്ദേമാതരം ആലപിച്ച് മറ്റ് നടപടികൾ പൂർണമായി ഒഴിവാക്കിയാണ് ലോക്സഭ പിരിഞ്ഞത്.
ഇതിനുപുറമെ സ്പീക്കറുടെ സമാപന ചായസത്കാരവും ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ പൂർണമായി ബഹിഷ്കരിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും അമിത് ഷായും ലോക്സഭയിലെത്തിയത്. ഭരണപക്ഷം ഇരുവരെയും കൈയടിയോടെ സ്വീകരിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് സഭയെ പ്രക്ഷുബ്ധമാക്കി.
അമിത് ഷായെ നേരിട്ട് പ്രതിഷേധം അറിയിക്കാൻ കോൺഗ്രസ് തീരുമാനിച്ച സാഹചര്യത്തിൽ സമ്മേളന സമാപനത്തോടനുബന്ധിച്ചുള്ള സ്പീക്കറുടെ പ്രസ്താവന പോലും ഒഴിവാക്കി നടപടികൾ വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു. പതിവ് ചായസത്കാരത്തിനായി പ്രധാനമന്ത്രിയും അമിത് ഷായും സ്പീക്കറുടെ ചേംബറിലെത്തിയെങ്കിലും കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നു.
സമാജ്വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും വിട്ടുനിന്നപ്പോൾ ഡിഎംകെ നേതാവ് കനിമൊഴി ചായസത്കാരത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ കേരളത്തിന്റെ ഔദ്യോഗിക നാമം മാറ്റുന്നതുൾപ്പെടെ 12 ബില്ലുകൾ പാസാക്കിയെങ്കിലും പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് ശിക്ഷ വർധിപ്പിക്കുന്ന ബില്ലിൽ മാത്രമാണ് ലോക്സഭയിൽ കാര്യമായ ചർച്ച നടന്നത്.
Kerala
ന്യൂഡൽഹി: മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണമെന്നാണ് തന്റെ അഭ്രിപ്രായമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറിയിച്ച് മന്ത്രിയും നിലവിലെ കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു.
കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. എംഎൽഎ ആയ താൻ കെസിസിസി പ്രസിഡന്റ് എന്ന ചുമതല നല്ല രീതിയിൽ നിർവഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി
മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.
കെ.സി. വേണുഗോപാലിന്റെ വസതിയിൽ എത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന.
കെ.സി. പക്ഷത്ത് നിന്ന് പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ അടക്കമുള്ള പേരുകളും സജീവമായി ചർച്ചകളിലുണ്ട്.
National
റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ജെപിഎസ്സി, ജെഎസ്എസ്സി പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ റാഞ്ചിയിൽ തുടരുന്ന സമരം 14-ാം ദിവസത്തിലേക്ക് കടന്നതോടെ വിഷയത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇടപെട്ടു. സമരക്കാരുമായി ഫോണിൽ സംസാരിച്ച രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പ് നൽകിയതായി വിദ്യാർഥി നേതാക്കൾ അറിയിച്ചു.
റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിലാണ് രണ്ടാഴ്ചയായി വിദ്യാർഥികളും ഉദ്യോഗാർഥികളും പ്രതിഷേധിക്കുന്നത്. 14-ാം ജെപിഎസ്സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, പരീക്ഷാ ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം നടത്തുക, ജെപിഎസ്സി-ജെഎസ്എസ്സി സംവിധാനങ്ങളിൽ സമഗ്ര പരിഷ്കരണം നടപ്പാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
സമരക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്ന് 11 അംഗ പ്രതിനിധി സംഘത്തെ വിദ്യാർഥികൾ നിയോഗിച്ചു. എട്ട് വിദ്യാർഥി പ്രതിനിധികൾ, ഒരു അഭിഭാഷകൻ, രണ്ട് സാങ്കേതിക വിദഗ്ധർ എന്നിവരാണ് സംഘത്തിലുള്ളത്. ചർച്ചകൾ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.
വിഷയം ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി വിദ്യാർഥി പ്രതിനിധികളുമായി ഫോണിൽ സംസാരിച്ചത്. പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർഥികൾ അദ്ദേഹത്തെ അറിയിച്ചു. വിഷയത്തിൽ ഇടപെടുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായി വിദ്യാർഥി നേതാക്കൾ പറഞ്ഞു.
അതേസമയം സമരത്തിന് പിന്തുണയുമായി ബിജെപി എംഎൽഎമാർ ജാർഖണ്ഡ് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 10ന് നിയമസഭ വളയൽ സമരം നടത്തുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.
National
ഉഡുപ്പി(കർണാടക): ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയതിന് ബിജെപി എംഎൽഎ യശ്പാൽ സുവർണയ്ക്കെതിരേ പോലീസ് കേസെടുത്തു.
നീറ്റ് വിവാദത്തിൽ രാജ്യതലസ്ഥാനത്ത് വിദ്യാർഥികളുടെ യുവജനങ്ങളും പ്രക്ഷോഭം സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ ബിജെപി നേതൃത്വം ഉഡുപ്പി സർവീസ് ബസ് സ്റ്റാൻഡിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയ്ക്കിടെയാണ് രാഹുലിനെതിരേ യശ്പാൽ അപകീർത്തികരമായ പ്രസ്താവന നടത്തിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അശോക് കൊടവൂരിന്റെ പരാതിയിലാണു കേസ് രജിസ്റ്റർ ചെയ്തത്.
National
ന്യൂഡല്ഹി: വിദ്യാര്ഥികള്, വിഡ്ഢികള്, പിന്നെ അന്ധഭക്തര് എന്ന മൂന്നുതരം മനുഷ്യരുണ്ടെന്ന പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയുടെ വിവരണം പുതുമയായി. ലോക്സഭയില് ചോദ്യപേപ്പര് ചോര്ച്ചയ്ക്കെതിരേയുള്ള ബില്ലിന്റെ ചര്ച്ചയില് സംസാരിക്കവേയായിരുന്നു ആരുടെയും പേരു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്എസ്എസ് നേതാക്കള്ക്കുമെതിരേ രാഹുലിന്റെ പരിഹാസം നിറച്ച കടന്നാക്രമണം.
ചോദ്യപേപ്പര് ചോര്ച്ചയ്ക്കെതിരേ കോണ്ഗ്രസ് സംഘടിപ്പിച്ച ഛാത്രോം കി ഗൂഞ്ച് (വിദ്യാര്ഥികളുടെ ശബ്ദം) എന്ന പരിപാടിയില് ഒരു പെണ്കുട്ടിയുടെ വാക്കുകള് പറഞ്ഞു പ്രസംഗം തുടങ്ങാമെന്ന മുഖവുരയോടെയായിരുന്നു രാഹുല് പറഞ്ഞുതുടങ്ങിയത്. വിദ്യാര്ഥികളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് 18 വയസുള്ള പെണ്കുട്ടിയുമായി നടത്തിയ സംസാരത്തിലെ വാക്കുകളും ചിന്തയും തന്നെ ആകര്ഷിച്ചെന്നു പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സത്യം മധുരമുള്ളതാണ്. ഒരു വിദ്യാര്ഥി എപ്പോഴും സത്യത്തിനു പിന്നാലെ സഞ്ചരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം സത്യം മധുരമുള്ളതാണ്. ഗാന്ധിജി പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വീടിന്റെ ജനലുകള് എല്ലാത്തരം കാറ്റുകള്ക്കുമായി തുറന്നിട്ടിരിക്കുന്നു.
അപ്പോള് ഞാന് അവളോട് ചോദിച്ചു- വിഡ്ഢിയുടെ കാര്യമോ? അവള് പറഞ്ഞു... അഭിമാനത്തോടെ സത്യത്തെ നെഞ്ചിലേറ്റുന്നതാണു വിദ്യാര്ഥിയുടെ മുഖമുദ്ര. അത് ഓരോ വിദ്യാര്ഥിയുടെയും നെഞ്ചില് എഴുതിയിട്ടുണ്ട്.
ശരി, വിദ്യാര്ഥിയല്ലാത്ത മറ്റുള്ള വ്യക്തികളുടെ കാര്യമോ? എന്ന് അവളോടു ചോദിച്ചു. അവള് പറഞ്ഞു- മറ്റേ വിഭാഗത്തിനൊരു പ്രതിച്ഛായ ആവശ്യമാണ്. ആ പ്രതിച്ഛായ സത്യമല്ലാത്തതുകൊണ്ടാണിത്. കാരണം, വിഡ്ഢി താന് ദൈവമാണെന്ന് നടിക്കാന് ശ്രമിക്കുകയാണ്. അയാള്ക്ക് വലിയൊരു പ്രതിച്ഛായ സൃഷ്ടിക്കേണ്ടിവരുന്നു.
അപ്പോള് ഞാന് മറ്റൊരു ചോദ്യം ചോദിച്ചു. വിദ്യാര്ഥിയുണ്ട്, വിഡ്ഢിയുണ്ട്, അപ്പോള് മൂന്നാമതൊരു വിഭാഗം എവിടെ വരും? അവള് തിരിച്ചുചോദിച്ചു. മൂന്നാം വിഭാഗം ഏതാണ്? ഞാന് പറഞ്ഞു. അന്ധഭക്തർ.
അവള് പറഞ്ഞു- വിഡ്ഢി ദൈവമാണെന്നു പൂര്ണമായും വിശ്വസിക്കുന്ന വ്യക്തിയാണ് അന്ധഭക്തർ.
അങ്ങനെ മൂന്നു വിഭാഗങ്ങളാണുള്ളത്: വിദ്യാര്ഥി, വിഡ്ഢി, പിന്നെ വിഡ്ഢിയെ പിന്തുടരുന്ന അന്ധഭക്തർ.
വിഡ്ഢികള് തങ്ങളെ കേള്ക്കുന്നില്ലെന്ന് തന്നോടൊരു വിദ്യാര്ഥി പറഞ്ഞുവെന്നുകൂടി രാഹുല് കൂട്ടിച്ചേര്ത്തതോടെ, ഭരണപക്ഷം ബഹളം വച്ചു. ആരുടെയും പേരു പറഞ്ഞിട്ടില്ലെന്ന രാഹുലിന്റെ വിശദീകരണം ബിജെപി എംപിമാര്ക്കു സ്വീകാര്യമായില്ല.
National
ന്യൂഡൽഹി: ഭരണഘടനയുടെ പകർപ്പ് കയ്യിലേന്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ന്യൂഡൽഹി ബിർള ഹൗസിലെ ഗാന്ധി സ്മൃതിയിൽ എത്തി പ്രതിഷേധിച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു ഈ പ്രതിഷേധം.
എംപിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, എൻ.കെ. പ്രേമചന്ദ്രൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ, വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഗാന്ധിജിയുടെ സ്മൃതി കുടീരത്തിന് മുൻപിൽ പ്രാർഥിച്ചും മെഴുകുതിരികൾ കത്തിച്ചുമാണ് നേതാക്കൾ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കളായ എം. ലിജു, അബിൻ വർക്കിഎന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി.
പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാർത്ഥികളുടെ ജീവഹാനിക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ ബിർള ഹൗസിൽ പ്രതിഷേധവുമായെത്തിയത്.
National
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ ഗാന്ധി സ്മൃതിയിലേക്കുള്ള യാത്രക്കിടെ അതീവ നാടകീയ രംഗങ്ങൾ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ട പ്രതിപക്ഷ എംപിമാരുടെ ബസുകൾ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് എംപിമാരും പ്രതിഷേധക്കാരും ബാരിക്കേഡുകൾക്ക് മുകളിൽ കയറി മുദ്രാവാക്യം വിളിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുകൂടിയ ശേഷമാണ് എംപിമാർ മൂന്ന് ബസുകളിലായി ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ടത്. എന്നാൽ വഴിമധ്യേ പോലീസ് ബാരിക്കേഡ് വെച്ച് വാഹനം തടഞ്ഞത് വലിയ സംഘർഷാവസ്ഥയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി. വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ ഈ നീക്കം ഡൽഹിയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഡൽഹിയിലെ ഗാന്ധി സ്മൃതിയിലേക്ക് തിരിച്ചു. രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുകൂടിയ ശേഷമാണ് പ്രതിപക്ഷ നേതാക്കൾ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ടത്.
രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിൽ, വിദ്യാർത്ഥികൾക്കൊപ്പം നിലകൊള്ളുന്നു എന്ന് വ്യക്തമാക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ഈ നീക്കം. വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പരീക്ഷാ തട്ടിപ്പുകൾക്കെതിരെയും പ്രതിപക്ഷം പാർലമെന്റിലും തെരുവിലും ഒരുപോലെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
District News
മൂവാറ്റുപുഴ: ഡല്ഹിയില് രാഹുല് ഗാന്ധിയെയും പ്രതിപക്ഷ എംപിമാരെയും പോലീസ് മര്ദിച്ചതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് ടൗണില് പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില് ധര്ണയും നടത്തി. കെപിസിസി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ഒ. ജോര്ജ് അധ്യക്ഷത വഹിച്ചു.
കോതമംഗലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർ ഥികളെ ക്രൂരമായി തല്ലി ചതച്ച കേന്ദ്രസർക്കാരിന്റെ നടപടിയിലും പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തെരുവിൽ ആക്രമിച്ച പോലീസ് നടപടിക്കെതിരെയും കോതമംഗലം, കവളങ്ങാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ എ.ജി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
വാഴക്കുളം: മഞ്ഞളളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴക്കുളം ടൗണിൽ പ്രതിഷേധപ്രകടനവും പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണയും നടത്തി.
ധർണ ഡിസിസി ജനറൽ സെക്രട്ടറി ജോസ് പെരുമ്പിളളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു.
കോലഞ്ചേരി: നീറ്റ് പരീക്ഷ ക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്ത സർക്കാർ നടപടിക്കെതിരെ പൂതൃക്ക മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാശേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡിസിസിസെക്രട്ടറി നിബു കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു കെ. ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജോൺ ജോസഫ്, ഡിസിസി അംഗം അനിബെൻ കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.
Kerala
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുംതോറും ജനകീയ സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുകും സിജെപി പ്രവർത്തകരും ചേർന്ന് ആരംഭിച്ച സമരം ആഴ്ചകൾ പിന്നിടുമ്പോൾ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും പിന്തുണയോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. സമരം ആരംഭിച്ചത് മുതൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സജീവമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് സിപിഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പോലീസിന്റെ അതിക്രമങ്ങളെ ചെറൂത്ത് സമരക്കാർക്ക് സംരക്ഷണ വലയമൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാർത്തകൾ പുറത്ത് വരികയാണ്. ഇന്നലെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സമരക്കാർക്ക് പിന്തുണയുമായി വന്നു. ലോക് സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കുവാൻ പ്രതിപക്ഷം ശ്രമിച്ച് വരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' ആരംഭിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ആളിപ്പടരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച സംഭവം പ്രതിഷേധത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രമസമാധാന പാലനത്തിന്റെ പേരിൽ നടന്ന പോലീസ് നടപടിയെ ശക്തമായി അപലപിച്ച രാഹുൽ ഗാന്ധി, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും പ്രതിഷേധക്കാർക്കെതിരായ പോലീസ് അതിക്രമങ്ങളും സഭയിൽ ഉന്നയിച്ച് ഇരുസഭകളും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭയ്ക്കുള്ളിൽ ചർച്ചയ്ക്ക് സർക്കാർ തയാറായിറായില്ലെങ്കിൽ സമരം പാർലമെന്റ് മന്ദിരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.
അതേസമയം, വിഷയം കൂടുതൽ സങ്കീർണമായതോടെ അനുനയ നീക്കങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ നിരാഹാര സമരത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സോനം വാംഗ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തി. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് CJP നേതൃത്വം.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ വിവാദത്തിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് വിട്ടയച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ വിവാദങ്ങളിലും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിനിടയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. പ്രതിഷേധ സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.
രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ തട്ടിപ്പുകൾക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സമരത്തിനിടയിലേക്ക് എത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ ജിതേന്ദ്ര സിംഗ്, രാഹുൽ ഗാന്ധിയുമായി കുറേ നേരം സംസാരിച്ചു.
പാർലമെന്റ് വർഷകാല സമ്മേളനം പ്രക്ഷുബ്ധമായി തുടരുന്നതിനിടയിലാണ് നിർണായക സംഭവവികാസങ്ങൾ അരങ്ങേറിയത്. വിദ്യാർത്ഥി സമരത്തിന് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പാർലമെന്റിലും പുറത്തും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
National
ഡെറാഡൂൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡെറാഡൂൺ സന്ദർശനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ തയാറെടുപ്പുകൾക്കിടെയുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവ് മരിച്ചു.
സംഘാടക സമിതി അംഗമായ അമർ മേത്തയാണ് ഡെറാഡൂണിലെ ഒരു സ്കൂളിലുണ്ടായ അപകടത്തിൽ മരിച്ചത്. വേദി നിർമാണത്തിന്റെ ഭാഗമായുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെ മുകളിൽ നിന്ന് ഭാരമേറിയ ഇരുമ്പ് കട്ടർ തലയിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടിയുടെ പന്തൽ നിർമാണമാണ് സ്കൂൾ മൈതാനത്ത് നടന്നിരുന്നത്.
ഇതിന്റെ മേൽനോട്ടം വഹിക്കാനാണ് അമർ മേത്ത ഇവിടെയെത്തിയത്. വേദിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്റ്റേജിന് സമീപം നിൽക്കുമ്പോൾ മുകളിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയുടെ കൈയിൽ നിന്നും ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന യന്ത്രം അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരിഹാസത്തോടെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സ് ബോർഡുകൾ.
വിദേശ യാത്രയുടെ പേരിൽ ബിജെപി രാഹുലിനെ നിരന്തരം വിമർശിക്കുന്നതിനിടയിലാണ് ഡൽഹിയിലെ പ്രധാന ഇടങ്ങളിൽ ഇന്നലെ രാവിലെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. എപ്പോഴും വിദേശത്ത് കാണപ്പെടുന്നു, ഏതെങ്കിലും പബ്ബിൽ ഉണ്ടായിരിക്കാം, ബീച്ചിൽ കാണാൻ സാധ്യതയുണ്ട് എന്നിങ്ങനെയുള്ള അടയാളങ്ങൾ വിവരിച്ചുകൊണ്ട് രാഹുലിന്റെ ഫോട്ടോ ഉൾപ്പെടെയാണ് ബോർഡിലുള്ളത്. ആരാണ് ബോർഡ് വച്ചതെന്ന് വ്യക്തമല്ല.
ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാഹുലിനെ ലീഡർ ഓഫ് ഒപ്പോസിഷൻ (പ്രതിപക്ഷ നേതാവ്) എന്നതിന് പകരം ലീഡർ ഓഫ് പര്യടൻ (വിനോദസഞ്ചാര നേതാവ്) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച ദിവസങ്ങളിൽ ഒരു ദിവസം പോലും അവധിയെടുക്കാതെ രാജ്യം ഒന്നാമത് എന്ന രീതിയിൽ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി എല്ലാ വർഷവും കോടികൾ ചെലവഴിച്ച് വിനോദയാത്രകൾ നടത്തുകയാണെന്ന് പൂനാവാല ആരോപിച്ചു.
പാർലമെന്റും പാർട്ടിയും ജനങ്ങളും അദ്ദേഹത്തെ ആവശ്യപ്പെടുന്ന നിർണായക ഘട്ടങ്ങളിലെല്ലാം രാഹുൽ വിദേശത്തേക്ക് പോവുകയാണെന്നും പൂനാവാല കുറ്റപ്പെടുത്തി. അതേസമയം സംഭവത്തിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
National
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടു വർഷം പൂർത്തിയാക്കി.
നിർണായക പാർലമെന്ററി പദവിയിൽ രണ്ടു വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പാർലമെന്റിനകത്തും പുറത്തും താനുയർത്തിയ വിഷയങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി ലഘു വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യക്കാരുടെയും ശബ്ദം അധികാരത്തിന്റെ ഇടനാഴികളിലേക്കെത്തിക്കുകയെന്ന ഒരൊറ്റ കടമയ്ക്കുവേണ്ടി രണ്ടു വർഷത്തിനിടയിലെ ഓരോ ദിവസവും അർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു.
നീറ്റ് വിദ്യാർഥികൾക്കുവേണ്ടിയുള്ള പോരാട്ടമാണെങ്കിലും തെരഞ്ഞെടുപ്പു തട്ടിപ്പ് തുറന്നുകാട്ടുന്നതായാലും ഭരണഘടനയെ പ്രതിരോധിക്കുന്നതാണെങ്കിലും നിങ്ങളോടൊപ്പം എല്ലായിടത്തും ഞാൻ നിലകൊണ്ടു. ഇന്നും നിലനിൽക്കുന്നു. ഇനി എല്ലായ്പ്പോഴും നിലനിൽക്കും. തെരുവുകൾ മുതൽ പാർലമെന്റ് വരെയും നിങ്ങളുടെ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി. -രാഹുൽ കുറിച്ചു.
National
ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മധ്യപ്രദേശ് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തെ രൂക്ഷമായി പരിഹസിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പിന്നീട് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കോടതികളിൽ മാപ്പ് പറയുകയും ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ പതിവാണെന്ന് റിജിജു കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയും എഎപി കൺവീനർ അരവിന്ദ് കെജ്രിവാളും തമ്മിൽ ആരാണ് കോടതികളിൽ കൂടുതൽ തവണ മാപ്പ് പറഞ്ഞിട്ടുള്ളതെന്ന് കണ്ടെത്താൻ ഒരു മത്സരം തന്നെ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. വസ്തുതകളില്ലാതെ മറ്റുള്ളവർക്കെതിരെ എന്തും വിളിച്ചുപറയുക, തുടർന്ന് കോടതികൾ ശക്തമായ നടപടികളിലേക്ക് കടക്കുമ്പോൾ പതുക്കെ ഖേദപ്രകടനവുമായി വരിക എന്നതാണ് ഇവരുടെ രീതി.
കെജ്രിവാളും രാഹുലും തമ്മിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ വലിയ സാമ്യമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ തവണ കോടതികളിൽ മാപ്പപേക്ഷ നൽകിയിട്ടുള്ളത് ആരാണെന്ന് പരിശോധിച്ചാൽ ഇവർ രണ്ടുപേരുമായിരിക്കും മുന്നിലന്നും റിജിജു പറഞ്ഞു.
National
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാൻ ഫയൽ ചെയ്ത കേസിലാണ് രാഹുൽ ഗാന്ധി ഭോപ്പാൽ കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചത്
2018 ൽ മധ്യപ്രദേശിലെ ജാബുവയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ പാനമ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് കേസിന് ആസ്പദമായത്. പാനമ പേപ്പർ ലീക്കിൽ കാർത്തികേയ സിംഗിന്റെ പേരുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം.
തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് കാർത്തികേയ സിംഗ് ഭോപ്പാലിലെ എംപി-എംഎൽഎ കോടതിയെ സമീപിച്ചത്. എന്നാൽ തന്റെ പ്രസ്താവന കാർത്തികേയ സിംഗിനെ ഉദ്ധരിച്ചുള്ളതായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി കോടതിയിൽ വിശദീകരിച്ചു.
നീണ്ട നിയമനടപടികൾക്കൊടുവിലാണ് രാഹുൽ ഗാന്ധി ഇപ്പോൾ കോടതിയിൽ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് കാർത്തികേയ സിംഗ് ചൗഹാൻ പ്രതികരിച്ചില്ല.
National
ന്യൂഡൽഹി: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകളുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. രാഹുലിന് നല്ല ആരോഗ്യവും സന്തോഷവും നേരുന്നുവെന്ന് സ്റ്റാലിൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
അതേസമയം ആശംസകൾക്ക് നന്ദി അറിയിച്ച് സ്റ്റാലിന്റെ പോസ്റ്റ് പങ്കുവെച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ജനാധിപത്യത്തിന്റെ ആത്മാവിനുവേണ്ടി ഒരുമിച്ച് പോരാടാമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടിവികെയ്ക്കൊപ്പം ചേർന്നതിന് പിന്നാലെയാണ് ഇരുപാർട്ടികൾക്കുമിടയിൽ വിള്ളൽ വീണത്.
രാഹുൽ ഗാന്ധിക്കെതിരെ ഡിഎംകെ വിമർശനം തുടരുന്നതിനിടെയാണ് സ്റ്റാലിൻ ജന്മദിനാശംസ നേർന്നത്. ഡിഎംകെ നേതാവ് കനിമൊഴിയും രാഹുൽ ഗാന്ധിക്ക് ആശംസകളുമായി രംഗത്തെത്തി.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. രാഹുൽ ഗാന്ധിക്ക് 56 വയസാണ് പൂർത്തിയായത്.
'ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകാൻ പ്രാർഥിക്കുന്നു'- എന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ്ണ ബോധമാണെന്നും ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയാറാകാത്തതെന്നും എ.കെ. ബാലൻ ആരോപിച്ചു.
മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ പിണറായി വിജയനെ കെട്ടിപ്പിടിക്കുന്നതിൽ പ്രശ്നമാണെന്നും എ.കെ. ബാലൻ വിമർശിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിലാണ് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. പിണറായിയുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും രാഹുൽ പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: പ്രാദേശികതലത്തിൽ രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്നുവെങ്കിലും ബിജെപിക്കും ആർഎസ്എസിനുമെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷപാർട്ടികളോടു ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിലായിരുന്നു രാഹുലിന്റെ ആഹ്വാനം. യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഇന്നലെയാണ് കോണ്ഗ്രസ് പുറത്തുവിട്ടത്.
കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ എനിക്കു പരിമിതികളുണ്ട്. പ്രാദേശികതലത്തിൽ സിപിഎമ്മുമായി രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ എനിക്കതിനു സാധിക്കില്ല. എന്നാൽ ദേശീയതലത്തിൽ ഇന്ത്യ എന്ന മുന്നണി ആശയത്തെ സംരക്ഷിക്കുന്നതിന് പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുനിൽക്കണം.
കോണ്ഗ്രസിനും എനിക്കുമെതിരേ പ്രതിപക്ഷ സഖ്യത്തിൽനിന്നുയരുന്ന എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ ഞാൻ തയാറാണ്. എല്ലാവരെയും സ്നേഹത്തോടെ ഒന്നിപ്പിച്ചുനിർത്തുകയാണ് എന്റെ ലക്ഷ്യം-രാഹുൽ ഗാന്ധി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെല്ലാം ബിജെപിയുടെ പൂർണ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന യാഥാർഥ്യം പ്രതിപക്ഷപാർട്ടികൾ തിരിച്ചറിയണം. തൃണമൂൽ കോണ്ഗ്രസ്, സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ കക്ഷികൾ പഴയ രാഷ്ട്രീയതന്ത്രങ്ങൾ ഫലിക്കുമെന്ന് ഇനിയും കരുതി വഞ്ചിതരാകരുത്. രാജ്യത്ത് തുല്യവും സുതാര്യവുമായ ഒരു രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്നപ്പോൾ മാത്രമാണ് അതു ഫലിച്ചത്.
ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കൃത്രിമങ്ങൾ ഞാൻ നേരിട്ടു കണ്ടതാണ്. മമതാ ബാനർജി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾക്ക് തങ്ങളുടെ തെരഞ്ഞെടുപ്പു ഫലങ്ങൾ മോഷ്ടിക്കപ്പെട്ടതിൽ ഇപ്പോഴും നേരിയ സംശയമേ ഉള്ളൂവെങ്കിൽ രാജ്യത്ത് 100 ശതമാനവും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിച്ചുപറയാൻ എനിക്ക് കഴിയും-രാഹുൽ പറഞ്ഞു.
ഈ ഫാസിസ്റ്റ് ഭരണകൂടത്തെ നേരിടാൻ സാധാരണ രാഷ്ട്രീയപാർട്ടി സംവിധാനങ്ങൾക്കപ്പുറം ഒരു കടുത്ത ‘പ്രതിരോധ പ്രസ്ഥാന’മായി പ്രതിപക്ഷം മാറണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. 1927ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് ഒരു രാഷ്ട്രീയ സംഘടനയിൽനിന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മാറിയ ചരിത്രം രാഹുൽ ഓർമിപ്പിച്ചു.
സിബിഎസ്ഇ, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുള്ള പോരാട്ടവും ഗ്രേറ്റ് നിക്കോബാർ വിഷയവും ഭാരത് ജോഡോ യാത്രയുമെല്ലാം ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. രാജ്യം ഇപ്പോൾ വലിയൊരു ജനരോഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പമാണ്.
പ്രതിപക്ഷം ദുർബലമാണെന്നു വരുത്തിത്തീർക്കാൻ ബിജെപി മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും പരസ്പരം പോരടിക്കാതെ ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കാമെന്നും രാഹുൽ യോഗത്തിൽ പറഞ്ഞു.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.
വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്റെ പങ്ക് വലുതാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായി സി. ജോസഫ് വിജയ്. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നേരിട്ടെത്തിയായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ച നടക്കുന്ന നീതി ആയോഗ് ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് വിജയ് ഡൽഹിയിലെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയ്യുടെ രണ്ടാമത് ഡൽഹി സന്ദർശനമാണിത്. തമിഴ്നാട്ടിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുമായും വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
National
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അട്ടിമറി ഭീതിയിൽ കോൺഗ്രസ്. എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് തടയാൻ മധ്യപ്രദേശിലെ തങ്ങളുടെ ജനപ്രതിനിധികളെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാനുള്ള നടപടികൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചു.
നിലവിലെ നിയമസഭാ കക്ഷിബലം അനുസരിച്ച് ബിജെപിക്ക് രണ്ട് സ്ഥാനാർത്ഥികളെ മാത്രമേ സുഗമമായി വിജയിപ്പിക്കാൻ കഴിയൂ. എന്നാൽ ആർഎസ്എസ് പശ്ചാത്തലമുള്ള മഹേഷ് കേവതിനെക്കൂടി ഉൾപ്പെടുത്തി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി ബിജെപി ഗോദയിലിറക്കിയതാണ് കോൺഗ്രസ് ക്യാമ്പിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് ഇവിടെ തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ക്രോസ് വോട്ടിംഗിലൂടെ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് മൂന്ന് സീറ്റും പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം.
അതേസമയം, ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളിലൊന്നിൽ സഖ്യകക്ഷികളോട് ആലോചിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സോറൻ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇന്നലെ ചർച്ചകളിലൂടെ വിഷയം പരിഹരിച്ചുവെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ന് നടന്ന സുപ്രധാനമായ 'ഇന്ത്യ' സഖ്യയോഗത്തിൽ പങ്കെടുക്കാതെ പകരം പ്രതിനിധിയെ അയച്ച സോറന്റെ നീക്കം സഖ്യത്തിലെ വിള്ളൽ വ്യക്തമാക്കുന്നു.
ഇവിടെ സ്വതന്ത്രനായി പത്രിക സമർപ്പിച്ച പ്രമുഖ വ്യവസായി പരിമൾ നാഥ്വാനിയെയാണ് ബിജെപി പിന്തുണയ്ക്കുന്നത്. ജയമുറപ്പിക്കാൻ നാല് എംഎൽഎമാരുടെ പിന്തുണ കൂടി വേണമെന്നിരിക്കെ, ജാർഖണ്ഡിലും അട്ടിമറി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് പ്രതിപക്ഷ സഖ്യം.
National
ന്യൂഡൽഹി: ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ യോഗത്തെ പരിഹസിച്ച് ബിജെപി എംപി സംബിത് പത്ര. ഡിഎംകെ, എഎപി പാർട്ടികൾ സഖ്യത്തിൽനിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. യോഗം ഇപ്പോൾ ശുഷ്കിച്ച് ഒറ്റമുറിയിലേക്ക് മാറിയെന്ന് സംബിത് പത്ര പരിഹസിച്ചു.
മുൻപ് ഈ യോഗങ്ങൾ സ്റ്റേഡിയങ്ങളിലായിരുന്നു നടന്നിരുന്നത്. ബംഗളൂരുവിൽ എല്ലാവരും കൈകോർത്തുനിന്നു. ക്രമേണ ഈ യോഗങ്ങൾ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ കോൺഗ്രസ് പെട്ടെന്നുതന്നെ മറ്റൊരു പാർട്ടിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചു. എന്നാൽ ബംഗാളിൽ തോറ്റപ്പോൾ അവർ മുറവിളി കൂട്ടുകയാണ്. രാജ്യം മുഴുവൻ ഈ കാപട്യം കാണുന്നുണ്ടെന്നും സംബിത് പത്ര ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികൾക്ക് താഴെത്തട്ടിൽ യഥാർഥ സാന്നിധ്യമില്ല. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യാത്തത്. രാഹുൽ ഗാന്ധി എവിടെയുണ്ടോ, അവിടെ ആരുടെയും രാഷ്ട്രീയ ഭാഗ്യം തെളിയാറില്ലെന്നും സംബിത് പത്ര പരിഹസിച്ചു.
രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഈ പോക്കാണെങ്കിൽ, മൂന്നാമത്തെയോ നാലാമത്തെയോ യോഗം ഒരു കാറിനുള്ളിലായിരിക്കും നടക്കുകയെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു.
Movies
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു സലിംകുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ദുഖത്തിന്റെ ഈ വേളയിൽ തന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടുമൊപ്പമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
സലിംകുമാറിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മലയാള സിനിമയിലെ അതികായനായിരുന്നു സലിംകുമാറെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Kerala
ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്ര ഏജൻസിയായ ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു.
നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ‘മോദി - പിണറായി ഡീൽ' പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തുവെന്നും ബേബി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാൻ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നും ബേബി വിമർശിച്ചു.
ദേശീയതലത്തിൽ ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യത്തിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കാൻ കോൺഗ്രസിന്റെ ഈ നിലപാട് കാരണമായതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. വരാനിരിക്കുന്ന തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സിപിഎം തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിക്കുമെന്നും എം.എ. ബേബി കത്തിൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്കും തുറമുഖത്തിനും വേണ്ടിയുള്ളതാണെന്ന കേന്ദ്രസർക്കാരിന്റെ വാദം നുണയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.
ഒരു ബിസിനസുകാരന് ഹോട്ടലുകളും കാസിനോകളും നിർമിക്കാനാണു പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ സന്ദർശനത്തിന്റെ 15 മിനിറ്റുള്ള വീഡിയോ ഇന്നലെ രാഹുൽ പുറത്തുവിട്ടു.
“ലോക പരിസ്ഥിതിദിനത്തിൽ ഓരോ യുവ ഇന്ത്യക്കാരുടെയും മുന്നിൽ ഞാൻ ഒരു ചോദ്യം ഉന്നയിക്കുന്നു. ഏതു തരത്തിലുള്ള ഇന്ത്യയാണ് നിങ്ങൾക്കു വേണ്ടത്? കാസിനോകൾക്കായി മഴക്കാടുകൾ നശിപ്പിക്കുന്ന, ഗോത്രവർഗക്കാരെ അവരുടെ ഭൂമിയിൽനിന്ന് ആട്ടിയോടിക്കുന്ന, നാം ശ്വസിക്കുന്ന വായു വിഷമയമാക്കുന്ന അവസ്ഥയാണോ വേണ്ടത്? അതോ നമ്മുടെ പാരന്പര്യം സംരക്ഷിക്കുന്ന, നമ്മുടെ ഗോത്രവർഗക്കാർ സുരക്ഷിതമായ ഇന്ത്യയാണോ വേണ്ടത്?” -രാഹുൽഗാന്ധി എക്സിൽ കുറിച്ചു.
ഗ്രേറ്റ് നിക്കോബാർ ദ്വീപ് കേന്ദ്രസർക്കാർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. “ഒന്നരക്കോടിയിലേറെ മരങ്ങൾ, പൗരാണികമായ പവിഴപ്പാറകൾ, മഴക്കാടുകൾ എന്നിവ ഒരു ബിസിനസുകാരന് ലാഭമുണ്ടാക്കാൻ നശിപ്പിച്ചു’’-രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: കഴിഞ്ഞ 12 വർഷമായി മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിച്ചതിന്റെ വില നൽകേണ്ടിവരിക രാജ്യത്തെ യുവതലമുറയായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷ റദ്ദാക്കലിനും പിന്നാലെ നാഗ്പുരിൽ നീറ്റ് പരീക്ഷയെഴുതിയ മധ്യപ്രദേശിൽനിന്നുള്ള ആകാൻഷ ചതുർവേദി എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ആകാൻഷയുടെ മരണം ആത്മഹത്യയല്ലെന്നും, മോദിയുടെ കീഴിൽ അഴിമതി നിറഞ്ഞ തകർന്ന വ്യവസ്ഥയുടെ അനന്തരഫലമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ആകാൻഷയുടെ ആത്മഹത്യാക്കുറിപ്പ് പുസ്തകങ്ങൾക്കിടയിൽനിന്ന് കഴിഞ്ഞ ദിവസമാണ് കുടുംബത്തിനു ലഭിച്ചത്. “നല്ല മാർക്ക് വാങ്ങാമെന്നു വലിയ പ്രതീക്ഷയുണ്ടായിരുന്നു, എന്നാൽ പരീക്ഷ വീണ്ടും എഴുതേണ്ടിവന്നാൽ എനിക്ക് പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കൂ” എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
ഒരു ഡോക്ടറാകാനും തന്റെ രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുമാണ് ആ പെണ്കുട്ടി ആഗ്രഹിച്ചത്. അവളുടെ അച്ഛൻ കർഷകനാണ്. മകളുടെ ഡോക്ടറാകാനുള്ള സ്വപ്നത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മൂന്നു ലക്ഷം രൂപ വായ്പയെടുത്തു. മകളെ നാഗ്പുരിൽ കോച്ചിംഗ് ക്ലാസിൽ വിടാനായി അദ്ദേഹം അവിടെ പാചകക്കാരനായി ജോലി ചെയ്തു.
ആ അച്ഛൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. എന്നാൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു. തുടർന്ന് പരീക്ഷ റദ്ദാക്കി. ആ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ആകാൻഷ നമ്മെ വിട്ടുപിരിഞ്ഞത്- രാഹുൽ തന്റെ സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പരീക്ഷ വീണ്ടും നടത്തുന്നതുകൊണ്ടു മാത്രം കുട്ടികൾക്കു നീതി ലഭിക്കില്ലെന്നും രാജ്യത്തു പ്രവർത്തിക്കുന്ന വിദ്യാഭ്യാസമാഫിയയെ പൂർണമായി തുടച്ചുനീക്കണമെന്നും ആംആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ കേജരിവാൾ ആവശ്യപ്പെട്ടു. ഈ പരീക്ഷാ അനിശ്ചിതത്വങ്ങൾക്കിടയിൽ എത്രയോ കുട്ടികളാണ് ഇതിനകം ജീവനൊടുക്കിയത്. കുട്ടികളുടെ മരണത്തിന് എപ്പോഴാണു നീതി ലഭിക്കുകയെന്നും കേജരിവാൾ ചോദിച്ചു.
രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ സുതാര്യത കൊണ്ടുവരാൻ കഴിയാത്ത മോദിസർക്കാർ രാജ്യത്തെ വിദ്യാർഥികളെ വഞ്ചിക്കുകയാണെന്ന് തൃണമൂൽ കോണ്ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ കുറ്റപ്പെടുത്തി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ തീരുമാനിച്ചു. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തുകയും വഞ്ചിക്കുകയുമാണ് ചെയ്തതെന്ന് ഡിഎംകെ നേതൃത്വം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ കോൺഗ്രസ് പിന്തുണച്ചതാണ് വർഷങ്ങൾ പഴക്കമുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കിയത്. കോൺഗ്രസിന്റെ ഈ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ വഞ്ചനയാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. 20 വർഷത്തോളം തങ്ങളുടെ തോളിലേറി നടന്ന ശേഷം കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ഡിഎംകെ വക്താക്കൾ പ്രതികരിച്ചു.
സഖ്യത്തിലെ ഈ കടുത്ത ഭിന്നതയെ തുടർന്നാണ് വരാനിരിക്കുന്ന 'ഇന്ത്യ' മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡിഎംകെ തീരുമാനിച്ചത്. തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ നാടകങ്ങൾ ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ സിയുഇടി പരീക്ഷയിലും പാളിച്ചകളുണ്ടായതോടെ ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎയ്ക്കെതിരേ വീണ്ടും പ്രതിഷേധം ശക്തമായി.
"വിശ്വഗുരു’വെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ഒരു പരീക്ഷപോലും നടത്താൻ കഴിയുന്നില്ലെന്നും മുഴുവൻ വിദ്യാഭ്യാസസന്പ്രദായത്തെയും മോദി പൂർണമായി നശിപ്പിച്ചെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറ്റപ്പെടുത്തി. നിങ്ങൾ ഭാവി നശിപ്പിക്കുന്ന അതേ തലമുറതന്നെ നിങ്ങളെ ഉത്തരവാദിയാക്കുമെന്നും രാഹുൽ പറഞ്ഞു.
ദേശീയ പരീക്ഷാ ഏജൻസിക്കെതിരേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സാങ്കേതിക തകരാർ മൂലം മൂന്ന്-നാല് മണിക്കൂർ വിദ്യാർഥികൾ കനത്ത വെയിലിൽ കാത്തിരിക്കാൻ നിർബന്ധിതരായെന്നാണ് സമൂഹമാധ്യമങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നത്.
Kerala
ന്യൂഡൽഹി: രാജിവച്ചതിനു പിന്നാലെ ഹൈക്കമാൻഡിനു മുന്നിൽ ആവശ്യങ്ങൾ നിരത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്. മകൻ യതീന്ദ്രയ്ക്കൊപ്പമാണ് അദ്ദേഹം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
പുതിയ മന്ത്രിസഭയിൽ മകൻ യതീന്ദ്രയ്ക്കും ഒപ്പമുള്ളവർക്കും പ്രധാന വകുപ്പുകൾ നല്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതായാണ് സൂചന. മകന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നതുൾപ്പെടെ സമ്മർദ്ദം ചെലുത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നേരത്തേ നിഷേധിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽത്തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ രാജ്യസഭയിലേക്ക് തന്റെ ഒപ്പമുള്ളവരെ പരിഗണിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ സിദ്ധരാമയ്യ ഹൈക്കമാൻഡിനു മുന്നിൽ വച്ചിട്ടുണ്ട്.
സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്ത കോണ്ഗ്രസ് ജനറൽ സെക്രട്ടറി രണ്ദീപ് സുർജേവാല ചർച്ച സൗഹാർദപരമായിരുന്നുവെന്നും പല പ്രധാന വിഷയങ്ങളും സംസാരിച്ചുവെന്നും വ്യക്തമാക്കി. കർണാടകയിലെ ഭരണമാറ്റം സുഗമമായി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
National
ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനാൽ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും തമ്മിൽ തീരുമാനിച്ച കൂടിക്കാഴ്ച നടന്നില്ല. നാളെ രാവിലെ ഒൻപതിന് ഇരുവരും കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. കാലാവസ്ഥ മോശമായതോടെ ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ജയ്പൂരിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
രാജ്യസഭാ സീറ്റിനായി സിദ്ധരാമയ്യയെ രാഹുൽ ഗാന്ധി നിർബന്ധിച്ചേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ടാണ്. അന്തിമ തീരുമാനം എടുക്കാൻ സിദ്ധരാമയ്യയ്ക്ക് നേതൃത്വം സമയം നൽകും. ഡൽഹിയിൽ വലിയൊരു പദവിയും സിദ്ധരാമയ്ക്ക് മുന്നിൽ വച്ചേക്കും.
ഏറെ നാളത്തെ തർക്കങ്ങൾക്ക് ഒടുവിലാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി പദം രാജിവച്ചത്. കർണാടക രാഷ്ട്രീയത്തിൽ തുടരുമെന്നും ദേശീയ പദവി വഹിക്കാൻ തീരെ താൽപ്പര്യമില്ലെന്നും മുഖ്യന്ത്രി പദവി രാജിവച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ താനത് നിരസിച്ചെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടയിൽ ഇന്ധനവില എട്ടു രൂപയ്ക്കടുത്ത് വർധിപ്പിച്ചതിൽ മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പണപ്പെരുപ്പ മനുഷ്യൻ മോദി വീണ്ടും ആഞ്ഞടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
നിങ്ങളുടെ പോക്കറ്റുകൾ നിശബ്ദമായി കൊള്ളടിക്കാൻ പെട്രോൾ, ഡീസൽ വില ഇൻസ്റ്റാൾമെന്റുകളായി വർധിപ്പിക്കുകയാണെന്നും രാഹുൽ എക്സിൽ പറഞ്ഞു.
സാന്പത്തിക കൊടുങ്കാറ്റ് വരുന്നുണ്ടെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ മൂലം മോദിജി എപ്പോഴത്തെയുമെന്നപോലെ തിരക്കിലായിരുന്നു.
തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ പെട്രോൾ-ഡീസൽ വില എട്ടു രൂപ വർധിപ്പിച്ചു. തെരഞ്ഞെടുപ്പുകളിൽ വാഗ്ദാനങ്ങൾ, ശേഷിക്കുന്ന സമയം സാധാരണക്കാരന്റെ പോക്കറ്റുകൾ ആക്രമിക്കുക എന്നതാണ് പണപ്പെരുപ്പ മനുഷ്യന്റെ ഒരേയൊരു ജോലിയെന്നും രാഹുൽ പരിഹസിച്ചു.
National
ന്യൂഡൽഹി: സിബിഎസ്ഇയുടെ ഓണ് സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ (ഒഎസ്എം) ക്രമക്കേടുകളിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
സിബിഎസ്ഇ ബോർഡ് പരീക്ഷയെക്കുറിച്ച് പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നെന്നും ക്രമക്കേടുകൾ കേൾക്കാതെ പോകുന്പോൾ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ കസേരയിൽ മുറുകെപ്പിടിച്ചിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
തന്റെ ഉത്തരപേപ്പർ തെറ്റായി വിലയിരുത്തപ്പെട്ട ഒരു പതിനേഴുവയസുകാരൻ നീതിക്കായി സമൂഹമാധ്യമങ്ങളെ സമീപിച്ചപ്പോൾ ബിജെപിയുടെ ഐടി സെൽ അവനെ"രാജ്യവിരുദ്ധൻ’ എന്നു മുദ്രകുത്തുകയും "സോറോസ് ഏജന്റ്’ എന്നു വിശേഷിപ്പിക്കുകയും ചെയ്തെന്ന് രാഹുൽ എക്സിലെ പോസ്റ്റിൽ പറഞ്ഞു. ഒരു പതിനേഴുവയസുകാരൻ തന്റെ ഭാവിക്കുവേണ്ടി ശബ്ദമുയർത്തുന്പോൾ ബിജെപി അവനെ ചതിയനാക്കി മാറ്റുകയാണ്. ചോദ്യം ചോദിക്കുന്ന ആരെയും സർക്കാർ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നു.
എന്നാൽ മിസ്റ്റർ മോദി ശ്രദ്ധിച്ചു കേട്ടുകൊള്ളൂ! ഈ യുവത്വം, ഈ ജെൻസി നിങ്ങളുടെ അഹങ്കാരം തകർക്കും-രാഹുൽ പറഞ്ഞു.
സിബിഎസ്ഇയുടെ വിജയശതമാനം 88 ശതമാനത്തിൽനിന്ന് 85 ശതമാനമായി കുറയുന്നതിനു കാരണമായ ക്രമക്കേടുകൾ എന്തുകൊണ്ട് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നതിനുമുന്പ് സിബിഎസ്ഇയും മന്ത്രാലയവും എന്തുകൊണ്ട് ശ്രദ്ധാപൂർവമായ പദ്ധതി തയാറാക്കിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ജയ്റാം രമേശ് എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
National
അമേഠി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഭരണഘടനയെ ആക്രമിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ചില വ്യവസായികൾക്ക് വിറ്റുതുലയ്ക്കുകയും ചെയ്ത ഇവർ രാജ്യദ്രോഹികൾ ആണെന്ന് രാഹുൽ വിമർശിച്ചു.
ബി.ആർ.അംബേദ്കർ, മഹാത്മ ഗാന്ധി, നാരായണഗുരു, കബീർ, ഗുരുനാനാക്ക്, വീര പാസി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ കൂട്ടായ ശബ്ദവും പ്രത്യയശാസ്ത്രവുമാണ് ഇന്ത്യൻ ഭരണഘടനയെന്ന് രാഹുൽ ഓർമ്മിപ്പിച്ചു.
മോദിയും അമിത് ഷായും ഇന്ത്യയെ വിൽക്കുകയും നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയുമാണ് ചെയ്തത്. നരേന്ദ്രമോദി ഹിന്ദുസ്ഥാന്റെ സമ്പത്ത് മുഴുവൻ നിങ്ങളുടെ പോക്കറ്റുകളിൽ നിന്ന് തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും കൈമാറി. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ഒരാളെ രാജ്യദ്രോഹിയെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും രാഹുൽ ചോദിച്ചു.
National
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി മോദി 'മെലഡി' മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ഇത് യഥാർത്ഥ നേതൃത്വമല്ലെന്നും കേവലം നാടകങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി തന്റെ എക്സ് ഹാൻഡിലിലൂടെ കുറ്റപ്പെടുത്തി. "രാജ്യത്തിന് മേൽ കനത്ത സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കുമ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ പോയി ചോക്ലേറ്റ് വിതരണം ചെയ്യുന്നത്. കർഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. എന്നാൽ പ്രധാനമന്ത്രി റീലുകൾ നിർമിക്കുന്ന തിരക്കിലും ബിജെപി നേതാക്കൾ അതിന് കൈയ്യടിക്കുന്ന തിരക്കിലുമാണ്. ഇതൊരു നായകന്റെ ലക്ഷണമല്ല, വെറും നാടകമാണ്," രാഹുൽ ഗാന്ധി കുറിച്ചു.
പ്രധാനമന്ത്രി മോദിയുടെ ഇറ്റലി സന്ദർശനത്തിനിടെ ജോർജിയ മെലോനി തന്നെയാണ് തങ്ങളുടെ എക്സ് പേജിൽ 12 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പങ്കുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള മികച്ചൊരു സമ്മാനമാണിതെന്ന് പറഞ്ഞ് മെലോനി ഒരു പാക്കറ്റ് 'മെലഡി' മിഠായി ക്യാമറയ്ക്ക് മുന്നിൽ കാണിക്കുകയും, പ്രധാനമന്ത്രി മോദി അത് ചൂണ്ടിക്കാണിച്ച് ചിരിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിയതിന് പിന്നാലെയാണ് പ്രതിപക്ഷം ഇതിനെതിരെ രാഷ്ട്രീയ ആയുധവുമായി രംഗത്തിറങ്ങിയത്.
National
ചെന്നൈ: നിരോധിത സംഘടനയായ എൽടിടിഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരന് തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ് ആദരമർപ്പിച്ചതിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. തമിഴ്നാട്ടിൽ ഭരണത്തിലിരിക്കുന്ന കക്ഷികൾ സാധാരണയായി പ്രഭാകരനെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാറുള്ള പശ്ചാത്തലത്തിലാണ് വിജയ്യുടെ ഈ നടപടി വലിയ ചർച്ചയാകുന്നത്.
ഈ വിഷയത്തിൽ കോൺഗ്രസിനെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് കാരണക്കാർ എൽടിടിഇ ആണെന്ന കാര്യം രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചുകൊണ്ടാണ് ബിജെപി വിമർശനം ഉന്നയിച്ചത്.
"മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് തമിഴ്നാട്ടിലെ പുതിയ മുഖ്യമന്ത്രി ആദരമർപ്പിച്ചിരിക്കുന്നു. കോൺഗ്രസിന് അധികാരത്തിൽ ഒരു പങ്ക് കിട്ടുന്നതുവരെ രാഹുൽ ഗാന്ധിക്ക് ഇതിൽ ഒരു പ്രശ്നവുമുണ്ടാകില്ല. ഡിഎംകെയും എൽടിടിഇ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ്, എന്നിട്ടും അവരുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല," ബിജെപി നേതാവ് കുറ്റപ്പെടുത്തി.
1991ലെ രാജീവ് ഗാന്ധി വധക്കേസിൽ പ്രഭാകരനെയാണ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചിരുന്നത്. ഈ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യയിൽ എൽടിടി.ഇക്ക് നിരോധനം ഏർപ്പെടുത്തിയത്. വിവാദങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രി വിജയ്യെ പ്രതിരോധിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം രംഗത്തെത്തി. വിജയ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രഭാകരന്റെ പേര് എവിടെയും നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
ശ്രീലങ്കയിൽ നടന്ന ആഭ്യന്തര യുദ്ധത്തിനിടെ ആയിരക്കണക്കിന് തമിഴ് വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ട 'മുള്ളിവൈക്കൽ' ദുരന്തത്തെയാണ് അദ്ദേഹം അനുസ്മരിച്ചതെന്ന് പാർട്ടി വിശദീകരിച്ചു. നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിനെ ഓർമിക്കുക എന്നത് ഏതൊരു മനുഷ്യത്വമുള്ള നേതാവിന്റെയും കടമയാണെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ശ്രീലങ്കൻ തമിഴരും ഇന്ത്യയിലെ ഒരു വിഭാഗം തമിഴ് ജനതയും മേയ് 18 'മുള്ളിവൈക്കൽ അനുസ്മരണ ദിനമായി' (തമിഴ് വംശഹത്യ അനുസ്മരണ ദിനം) ആചരിച്ചുവരുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്നതിനാൽ സാധാരണയായി തമിഴ്നാട് മുഖ്യമന്ത്രിമാർ ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്യാറ്. എന്നാൽ പുതിയ മുഖ്യമന്ത്രി വിജയ്യുടെ ഈ നീക്കം തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
International
ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങിയത് അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ ചർച്ചയാകുന്നു. ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങൾ നോർവീജിയൻ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ് ചെയ്യുകയും, ഇത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം രാഷ്ട്രീയ ആയുധമായി മാറിയത്.
ഓസ്ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിംഗ് ആവശ്യപ്പെട്ടത്. എന്നാൽ ചോദ്യങ്ങളെ ഗൗനിക്കാതെ പ്രധാനമന്ത്രി നടന്നുനീങ്ങുകയായിരുന്നു.
"പ്രധാനമന്ത്രി മോദി, ലോകത്ത് ഏറ്റവും സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്തുന്ന രാജ്യത്തുനിന്നുള്ള ചോദ്യങ്ങളെ നേരിടാൻ നിങ്ങളെന്തുകൊണ്ട് തയ്യാറാകുന്നില്ല?"എന്ന് ഹെല്ലെ ലിംഗ് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
പിന്നീട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ, "ഇന്ത്യൻ പ്രധാനമന്ത്രി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്ന് എനിക്കറിയാമായിരുന്നു, ഞാൻ അത് പ്രതീക്ഷിച്ചിരുന്നുമില്ല" എന്ന് ഹെല്ലെ ലിംഗ് എഴുതി. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന കാര്യവും അവർ പോസ്റ്റിൽ ഓർമിപ്പിച്ചു. നെതർലൻഡ്സ് സന്ദർശന വേളയിലും മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ പ്രധാനമന്ത്രി അഭിമുഖീകരിച്ചിരുന്നില്ല.
ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്."ഒന്നും മറച്ചുവെക്കാനില്ലാത്തപ്പോൾ ഒന്നും പേടിക്കേണ്ടതില്ല" എന്ന് രാഹുൽ ഗാന്ധി കുറിച്ചു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്നോടുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.